കാഞ്ഞങ്ങാട്: ഏറെക്കാലത്തെ മുറവിളികൾക്കൊടുവിൽ തുടങ്ങിയ കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാത നവീകരണ പ്രവൃത്തികൾ മെല്ലെപ്പോക്കിൽ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് 36 കോടി രൂപയ്ക്ക് നവീകരണപ്രവൃത്തികളുടെ കരാർ ഏറ്റെടുത്തിരുന്നത്.
വിവിധയിടങ്ങളിൽ ഓവുചാലുകൾ ഉൾപ്പെടെയുള്ള കോൺക്രീറ്റിംഗ് ജോലികളും പ്രധാന കേന്ദ്രങ്ങളിൽ പാതയോരം ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തിയുമാണ് ഇപ്പോൾ നടക്കുന്നത്. ഇവ പൂർത്തിയാകുമ്പോഴേക്കും മഴക്കാലം തുടങ്ങുമെന്നും റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ മഴക്കാലത്തിനു ശേഷം മാത്രമേ ചെയ്യാനാവൂ എന്നുമാണ് കരാറുകാരുടെ നിലപാട്. ജൂലൈ 31 നകം റോഡ് നവീകരണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ. ഈ സമയപരിധിക്കുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കാനാകില്ലെന്ന് ഊരാളുങ്കൽ സൊസൈറ്റി അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
വിവിധയിടങ്ങളിലെ കോൺക്രീറ്റിംഗ് ജോലികളും ഇന്റർലോക്ക് പ്രവൃത്തിയും പോലും ഏതാണ്ട് 50 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പല സ്ഥലങ്ങളിലും കോൺക്രീറ്റിംഗ് ജോലികൾ പോലും തുടങ്ങിയിട്ടില്ല. തൊഴിലാളിക്ഷാമവും പശ്ചിമേഷ്യൻ പ്രതിസന്ധി മൂലമുണ്ടായ ടാറിന്റെ ലഭ്യതക്കുറവും വിലക്കയറ്റവുമെല്ലാം സൊസൈറ്റി അധികൃതർ കാരണങ്ങളായി നിരത്തുന്നു.
ഈ മഴക്കാലത്തും സംസ്ഥാനപാതയുടെ അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്ന് വ്യക്തമായതോടെ വാഹനയാത്രക്കാരും നിരാശയിലായി. നേരത്തേ നിരന്നുകിടന്നിരുന്ന കുഴികൾ പിന്നീട് ടാർ മിശ്രിതം ഉപയോഗിച്ച് അടച്ചിട്ടുണ്ടെങ്കിലും ഇതോടെ റോഡിന്റെ നിരപ്പിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും ഇരുചക്രവാഹനങ്ങൾക്ക് ഇതു വലിയ അപകടസാധ്യതയാകുന്നു.
ടാറിംഗിനു മുന്നോടിയായി കരാർ കന്പനിയുടെ നേതൃത്വത്തിൽ റോഡിലെ റിഫ്ലക്ടറുകളെല്ലാം അടർത്തിമാറ്റിയതോടെ അവിടങ്ങളിലെല്ലാം കുഴിയായിട്ടുണ്ട്. മഴ തുടങ്ങുന്നതോടെ വീണ്ടും പുതിയ കുഴികൾ രൂപപ്പെടുമെന്നും ആശങ്കയുണ്ട്. ദേശീയപാതയിലെ പ്രവൃത്തികൾ തീരാത്തതും സർവീസ് റോഡുകളുടെ വീതിക്കുറവും മൂലം നല്ലൊരു വിഭാഗം വാഹനങ്ങൾ സംസ്ഥാനപാതയെ ആശ്രയിക്കുന്നുണ്ട്.